അസംഘടിത തൊഴിലാളികൾക്കായി ഒരു കേന്ദ്ര പെൻഷൻ പദ്ധതി
അസംഘടിത തൊഴിലാളികളായ വീട്ടു ജോലിക്കാർ, തോട്ടക്കാർ, ഡെലിവറി ബോയ്‌സ് എന്നിവരെ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ച പദ്ധതിയാണ് അടൽ പെൻഷൻ യോജന. പൊതുജനങ്ങളിൽ നിന്ന് വേണ്ടത്ര സ്വീകാര്യത ലഭിക്കാത്ത മുൻ സ്വാവലംബൻ യോജനയ്ക്ക് പകരമായാണ് ഈ പദ്ധതി നിലവിൽ വന്നത്.
പെൻഷൻ ഫണ്ട് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയാണ്, 2015-ൽ ആരംഭിച്ച ഈ സ്വമേധയാ പെൻഷൻ സമ്പ്രദായത്തെ നിയന്ത്രിക്കുന്നത്. പദ്ധതിയിൽ ചേരാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 18ഉം പരമാവധി പ്രായം 40മാണ്. പദ്ധതിക്കുള്ള കുറഞ്ഞ കാലയളവ് 20 വർഷമാണെങ്കിലും 60 വയസ്സ് തികയുന്നത് വരെ നിഷേപകർ സംഭാവന നൽകണം. 60 വയസ്സ് ആകുമ്പോൾ, അവർക്ക് പ്രതിമാസ ഗ്യാരണ്ടീഡ് പെൻഷന് അർഹതയുണ്ട്. നൽകിയ സംഭാവനകളെ അടിസ്ഥാനമാക്കി, നിശ്ചിത പ്രതിമാസ പെൻഷൻ 1,000 രൂപ മുതൽ 5,000 രൂപ വരെയാണ് ലഭിക്കുക.