വിരമിക്കുന്നവരും വിരമിച്ചവരും കേൾക്കാൻ…
വിരമിക്കൽ കാലത്തേക്കായി ജോലി ചെയ്യുന്ന സമയത്തോ വിരമിച്ച ശേഷമോ വരുമാനം ഉറപ്പാക്കാനാവുന്ന ചില പദ്ധതികൾ പരിചയപ്പെടാം :
1. അടൽ പെൻഷൻ യോജന
കേന്ദ്ര സർക്കാർ നടത്തുന്ന സാമൂഹ്യ സുരക്ഷാ പദ്ധതിയായ അടൽ പെൻഷൻ യോജനയിൽ ബാങ്ക് അക്കൗണ്ടുള്ള 18 നും 40 നും ഇടയിൽ പ്രായമുള്ള ആർക്കും അംഗമാകാം. ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നവർക്ക് പദ്ധതിയിൽ ചേരാനാകില്ല എന്നത് ഓർക്കുക. വരിക്കാർക്ക് 1,000 രൂപ, 2,000 രൂപ, 3,000 രൂപ, 4,000 രൂപ, 5,000 രൂപ വരെയാന്ന് പ്രതിമാസ പെൻഷൻ ലഭിക്കുക. തിരഞ്ഞെടുക്കുന്ന പെൻഷനും ചേരുന്ന സമയവും പ്രായവും അടിസ്ഥാനമാക്കി പ്രീമിയം കണക്കാക്കി, 60-ാം വയസ് മുതൽ പെൻഷൻ ലഭിക്കും.
2. സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം
60 വയസ് കഴിഞ്ഞവർക്ക് സ്ഥിര വരുമാനം ലഭിക്കുന്നതിനുള്ളൊരു ഈ പദ്ധതിയിൽ കുറഞ്ഞത് 1,000 രൂപയും പരമാവധി 30 ലക്ഷം രൂപയും നിക്ഷേപിക്കാം. വ്യക്തിഗത അക്കൗണ്ടോ പങ്കാളിയുമൊത്ത് സംയുക്ത അക്കൗണ്ടോ ആരംഭിക്കാവുന്ന പദ്ധതിക്ക്, ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരമുള്ള നികുതി ഇളവ് ലഭിക്കും. ത്രൈമാസത്തിൽ 8.2 ശതമാനം പലിശ ലഭിക്കും.
3. മ്യൂച്വൽ ഫണ്ട്ജോ
ജോലിക്കാലത്ത് എസ്ഐപി നിക്ഷേപത്തിലൂടെ നല്ലൊരു തുക സമ്പാദിക്കാനും വിരമിക്കൽ കാലത്ത് സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവൽ പ്ലാൻ വഴി മാസ വരുമാനം നേടാനും ഈ പദ്ധതി സഹായിക്കും. കയ്യിലുള്ള മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ മാസത്തിൽ നിശ്ചിത ശതമാനം വില്പന നടത്തി ആവശ്യമായ തുക പിൻവലിക്കുന്നതാണ് എസ്ഡബ്ലുപി. 15 ലക്ഷം രൂപയുടെ സമ്പാദ്യമുണ്ടെങ്കിൽ 12 ശതമാനം റിട്ടേൺ ലഭിക്കുന്ന ഫണ്ടിൽ നിന്ന് 10 വർഷത്തേക്ക് 20,000 രൂപയാണ് മാസത്തിൽ ലഭിക്കുക.
- പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി
കുറഞ്ഞത് 1,000 രൂപയും പരമാവധി 9 ലക്ഷം രൂപയും നിക്ഷേപിക്കാവുന്ന ഈ പദ്ധതി വഴി സംയുക്ത അക്കൗണ്ടിൽ പരമാവധി 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. 5 വർഷം നിക്ഷേപ കാലാവധിയുള്ള തുകയ്ക്ക് 7.4 ശതമാനമാണ് പലിശ നിരക്ക്.വ്യക്തിഗത അക്കൗണ്ടിൽ 9 ലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിമാസം 5,550 രൂപയും 15 ലക്ഷം രൂപക്ക് 9,250 രൂപ ലഭിക്കും.
- നാഷണൽ പെൻഷൻ സ്കീം
വിരമിക്കൽ കാലത്തേക്കുള്ള സമ്പാദ്യം ലക്ഷ്യം വച്ച് കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണ് നാഷണൽ പെൻഷൻ സ്കീം.ഈ സ്കീമിന് കീഴിൽ ടയർ 1, ടയർ 2 എന്നിങ്ങനെ രണ്ട് തരം അക്കൗണ്ടുകൾ തുറക്കാവുന്നതാണ്.ടയർ 1 അക്കൗണ്ടിൽ കുറഞ്ഞത് 500 രൂപയും ടയർ 2 അക്കൗണ്ടിൽ 1,000 രൂപയും നിക്ഷേപിക്കാം.ടയർ 1 അക്കൗണ്ടിലെ നിക്ഷേപമാണ് പെൻഷനായി മാറ്റുന്നത്. ഈ നിക്ഷേപത്തിന് ആദായനികുതി നിയമത്തിലെ സെക്ഷൻ 80സിസിഡി, 80സി പ്രകാരമുള്ള കിഴിവുകൾക്ക് അർഹതയുണ്ടാവും. 60-ാം വയസ് മുതൽ പെൻഷൻ ലഭിച്ചു തുടങ്ങും.