ഇനി കേന്ദ്രത്തിൻ്റെ പുതിയ പെൻഷൻ പദ്ധതി
എല്ലാ ജീവനക്കാർക്കും മിനിമം പെൻഷൻ ഉറപ്പു നൽകുന്ന ‘യുപിഎസ് ‘ പദ്ധതിയുമായി കേന്ദ്ര സർക്കാർ.ജീവനക്കാർ 10% വിഹിതം നൽകണമെന്ന വ്യവസ്ഥ തുടരുമ്പോൾ സർക്കാർ വിഹിതം 14 നിന്ന് 18.5 ആയി ഉയർത്താനാണ് കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം.പഴയതും പുതിയതുമായ പെൻഷൻ പദ്ധതിയിലെയും എൻപിഎസിലെയും വ്യവസ്ഥകൾ കൂട്ടിയിണക്കിയാണ് യൂണിഫൈഡ് പെൻഷൻ സ്കീം അഥവാ യുപിഎസ് എന്ന പേരിലുള്ള പെൻഷൻ പദ്ധതി കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ചത്.
പുതിയ സ്കീം പ്രകാരം, പെൻഷൻ ഫണ്ടിലെ തുക എങ്ങനെ മാറിയാലും ഒരു നിശ്ചിത തുക പെൻഷനായി ഉറപ്പു നൽകും.25 കൊല്ലം സർവ്വീസ് ഉള്ളവർക്ക് അവസാന 12 മാസത്തെ അടിസ്ഥാന ശമ്പളത്തിൻ്റെ ശരാശരിയുടെ 50 ശതമാനം പെൻഷൻ ഉറപ്പാക്കുമ്പോൾ അതിൽ കുറവ് സർവ്വീസ് ഉള്ളവർക്ക് നിശ്ചിത പെൻഷനും ഉണ്ടായിരിയ്ക്കും. പത്തു വർഷം വരെയെങ്കിലും സർവ്വീസ് കഴിഞ്ഞ് ഇറങ്ങുന്നവർക്ക് കുറഞ്ഞത് 10,000 രൂപയെങ്കിലും പെൻഷൻ കിട്ടാനുള്ള വ്യവസ്ഥയുണ്ടാകും. ജീവനക്കാർ അവസാന മാസം വാങ്ങിയ പെൻഷൻ്റെ 60 % കുടുംബ പെൻഷനായി നൽകും. അവസാന മാസത്തെ ശമ്പളത്തിൻ്റെ പത്തിലൊന്ന് സർവ്വീസിൻ്റെ ഒരോ ആറുമാസവും എന്ന നിലയ്ക്ക് കണക്കുകൂട്ടിയുള്ള ഒറ്റതവണ തുക വിരമിക്കുമ്പോൾ നൽകുമെങ്കിലും, ഇത് പെൻഷൻ തുകയെ ബാധിക്കില്ല.2025 ഏപ്രിൽ ഒന്നു മുതൻ പുതിയ പദ്ധതി നടപ്പാക്കും.